ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ‘കാര്‍ഡ് ടോക്കണൈസേഷന്‍’ രീതി നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് 6 മാസം കൂടി അനുവദിച്ചു. ജനുവരി 1 മുതല്‍ നടപ്പാക്കേണ്ടിയിരുന്ന മാറ്റം 2022 ജൂണ്‍ 30നു മാത്രമേ പ്രാബല്യത്തില്‍ വരൂ. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവുമായി കമ്പനികളും ബാങ്കുകളും ആര്‍ബിഐയെ സമീപിച്ചതോടെയാണ് കാലാവധി നീട്ടിയത്. ഇതു രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്. കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും റിസര്‍വ് ബാങ്കിനു കത്തയച്ചിരുന്നു. പുതിയ രീതി നടപ്പായാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്‌വര്‍ക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്‌ക്കോ സൂക്ഷിച്ചുവയ്ക്കാനാവില്ല.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ നിയന്ത്രണം. പണമിടപാടില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണ് രീതി. യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകള്‍ക്ക് ലഭിക്കുക. ഓരോ വെബ്‌സൈറ്റിലും ഒരേ കാര്‍ഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റില്‍ വിവരചോര്‍ച്ചയുണ്ടായാലും അപകടസാധ്യതയില്ല.