സ്വവര്ഗ വിവാഹം അനുവദനീയമല്ലാത്ത രാജ്യത്ത് സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ. ജപ്പാനില്‍ ഇത്തരം നടപടിയിലേക്ക് കടക്കുന്ന ആദ്യത്തെ വലിയ മുന്‍സിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്വവര്‍ഗ പങ്കാളികള്‍ക്കാണ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ ജൂണില്‍ ജപ്പാനിലെ ഒരു ജില്ലാ കോടതി രാജ്യത്തെ സ്വവര്‍ഗ വിവാഹ നിരോധനം ശരിവച്ചിരുന്നു.
എന്നാല്‍ ഇതിന് ശേഷമാണ് ടോക്കിയോയുടെ അപ്രതീക്ഷിത നീക്കമെത്തുന്നത്. ഷിബുയ ജില്ലയാണ് ആദ്യമായി സ്വവര്‍ഗ പങ്കാളികള്ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. 2015ലായിരുന്നു ഇത്. ഈ നീക്കത്തെ ജപ്പാനിലെ 200ല്‍ അധികം വരുന്ന ചെറു സമൂഹങ്ങളും സമാന നടപടി സ്വീകരിച്ചിരുന്നു. നിയമപരമായ സാധ്യതയില്ലെങ്കിലും ക്വീര്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പൊതു സേവനങ്ങളായ വീട്, ആരോഗ്യം, ക്ഷേമം തുടങ്ങിയ ലഭ്യമാകാന്‍ ഈ സര്‍ട്ടിഫിക്കറ്റ് സഹായിക്കും.
ടോക്കിയോയുടെ നീക്കത്തിന് മികച്ച പ്രതികരണമാണ് ക്വീര്‍ സമൂഹങ്ങളില്‍ നിന്നും ലഭിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ ആളുകളോടും ഉദ്യോഗസ്ഥരോടും വിശദീകരിക്കേണ്ട അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് സര്‍ട്ടിഫിക്കറ്റിനായി പോരാട്ടം നടത്തിയ സൊയോക യമാമോട്ടോ പറയുന്നത്. ഒകോടബര്‍ 28 മുതല്‍ 137 പങ്കാളികളാണ് സര്ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് ടോക്കിയോ ഗവര്‍ണര്‍ വ്യക്തമാക്കി.
ജപ്പാനിലെ ഭരണപക്ഷ പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പാണ് സ്വവര്‍ഗ വിവാഹത്തിനെതിരായി ഉയര്‍ന്നത്. രൂക്ഷമായ വിമര്‍ശനത്തോടെയായിരുന്നു ഇത്. ക്വീര്‍ സമൂഹത്തിന് പിന്തുണയുമായി ടോക്കിയോ മെട്രോ പൊളിറ്റനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മഴവില്‍ നിറങ്ങള്‍ നല്‍കുകയും ചെയ്തു. തായ്വാന്‍ അടക്കം 31 രാജ്യങ്ങളില്‍ സ്വവര്ഗ വിവാഹം നിയമപരമാണ്. സ്വവർഗ വിവാഹം ജപ്പാൻ നിയമപരമായി വിലക്കുകയും പങ്കാളിയുടെ സ്വത്തിന് അവകാശവും പങ്കാളിക്ക് കുട്ടിയുണ്ടെങ്കിൽ അതിന്‍റെ രക്ഷകർതൃ ചുമതല നിഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്.