തലശേരി മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ബൈപ്പാസിലെ ടോൾ നിരക്കുകൾ പുറത്തുവന്നിരിക്കുന്നു. മാഹി ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം. ബസുകൾക്ക് 225 രൂപയാകും. ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്കേണ്ടി വരും.
ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കണ്ണൂർ ജില്ലിയിലെ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ.