തക്കാളിപ്പനിയെ കുറിച്ച് ഇതിനോടകം തന്നെ നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. ഒരു തരം വൈറല്‍ അണുബാധയാണിത്. കുട്ടികളെയാണ് ഇത് കാര്യമായും ബാധിക്കുന്നത്. അതും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ. മുതിര്‍ന്നവരെ ബാധിച്ചതായി കേസ് റിപ്പോര്‍ട്ടുകള്‍ വരുന്നില്ല.
മെയ് മാസത്തോടെയാണ് രാജ്യത്ത് തക്കാളിപ്പനി സ്ഥിരീകരിക്കുന്നത്. അതും കേരളത്തിലെ കൊല്ലം ജില്ലയിലായിരുന്നു സ്ഥിരീകരിച്ചത്. പിന്നീട് പലയിടങ്ങളിലായി തക്കാളിപ്പനി കേസുകള്‍ വന്നു.
രാജ്യത്ത് ഏറ്റവുമധികം തക്കാളിപ്പനി കേസുകള്‍ ഉള്ളത് കേരളത്തില്‍ തന്നെയാണ്. കേരളം കഴിഞ്ഞാല്‍ ഒഡീഷയിലാണ് കൂടുതല്‍ കേസുകളുള്ളത്. ജൂലൈ മാസത്തോടെ തന്നെ കേരളത്തില്‍ എണ്‍പതിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. ഇപ്പോഴും ഇതുയര്‍ത്തുന്ന ഭീഷണി അടങ്ങിയിട്ടില്ലെന്നതാണ് സത്യം.
എന്നാല്‍ ഒരുപാട് ഭയപ്പെടേണ്ട, അത്രമാത്രം തീവ്രതയുള്ള രോഗമല്ല ഇത്. പക്ഷേ തീരെ ചെറിയ കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നത് എന്നതിനാല്‍ ആശങ്ക ഇല്ലാതെ വരികയുമില്ല. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അവരനുഭവിക്കുന്ന ശാരീരികപ്രശ്നങ്ങളെ കുറിച്ച് പങ്കുവയ്ക്കാൻ കഴിയില്ലല്ലോ. അതുതന്നെയാണ് കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്നത് സംബന്ധിച്ച് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന വേവലാതി.
തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍…
കുട്ടികളില്‍ രോഗബാധയുണ്ടായാല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ മുതിര്‍ന്നവര്‍ തന്നെ കണ്ടെത്തി മനസിലാക്കേണ്ടതായി വരാം. അതിനാല്‍ തന്നെ തക്കാളിപ്പനിയുടെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞുവയ്ക്കാം.
ദേഹത്ത് ചെറിയ കുരുക്കള്‍ പൊങ്ങുന്നതാണ് തക്കാളിപ്പനിയുടെ ഒരു പ്രധാന ലക്ഷണം. തക്കാളി പോലുള്ള ചുവന്ന നിറത്തിലുള്ള കുരുവാണ് കാണുക. ഇതുകൊണ്ടാണ് ഈ വൈറല്‍ അണുബാധയ്ക്ക് തക്കാളിപ്പനി എന്ന് തന്നെ പേര് വന്നിട്ടുള്ളത്. ഇതിനൊപ്പം തന്നെ ദേഹത്ത് ചുവന്ന പാടുകളും കാണാം.
ഉയര്‍ന്ന പനി, സന്ധികളില്‍ വീക്കം, ശരീരവേദന, നിര്‍ജലീകരണം, അവശത എന്നിവയും തക്കാളിപ്പനിയുടേതായ ലക്ഷണങ്ങളാണ്.
തക്കാളിപ്പനിയെ പ്രതിരോധിക്കാൻ…
കുട്ടികള്‍ കഴിയുന്ന ചുറ്റുപാട് വളരെ വൃത്തിയുള്ളതായി സൂക്ഷിക്കുക. ഇതുതന്നെയാണ് ഏതുതരം വൈറല്‍ അണുബാധകളും ചെറുക്കാൻ ആദ്യം ചെയ്യേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടാകാതിരിക്കാൻ മുതിര്‍ന്നവര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിക്കാം, വ്യക്തിശുചിത്വവും പുലര്‍ത്താം.
ഇനി കുഞ്ഞുങ്ങളില്‍ പനി, നിര്‍ത്താത്ത കരച്ചില്‍, ഉറക്കമില്ലായ്മ, അസ്വസ്ഥത എന്നിവ കണ്ടാല്‍ വൈകാതെ തന്നെ ഡോക്ടറെ കാണിക്കണം. കാരണം രോഗം മൂലമുള്ള അനുബന്ധ പ്രശ്നങ്ങളൊന്നും ആദ്യമേ സൂചിപ്പിച്ചത് പോലെ ഇവര്‍ക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധിക്കില്ലല്ലോ.