തിരുവനന്തപുരം : തക്കാളി വില കൂപ്പുകുത്തി. ആഴ്ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽപ്പന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പാലക്കാട്ടെ തക്കാളി കർഷകർ. ഒരാഴ്ച മുൻപ് കിലോക്ക് ഇരുനൂറു രൂപ വരെ എത്തിയപ്പോൾ കേരളത്തിൽ തക്കാളി ഉത്പാദനം കുറവായിരുന്നു. ഇപ്പോൾ വിളവെടുപ്പ് തുടങ്ങിയപ്പോൾ തക്കാളി വില പടവലങ്ങ പോലെ താഴോട്ട്. നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽപ്പന. കൃഷിക്കിറക്കിയ പണം പോലും മടക്കി കിട്ടാത്ത വിധം പ്രതിസന്ധി എന്ന് കർഷകർ പറയുന്നു. തക്കാളി വില ഉയർന്നപ്പോൾ പിടിച്ചു കെട്ടാൻ സർക്കാർ പല മാർഗങ്ങളും സ്വീകരിച്ചു. എന്നാൽ വില താഴോട്ട് വരുമ്പോൾ നടപടി ഇല്ലാത്തത് എന്തു കൊണ്ടെന്ന് കർഷകർ ചോദിക്കുന്നു. 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചെന്നു സർക്കാർ അവകാശപ്പെടുമ്പോഴും അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ നിലപാട്.