മുംബൈ: തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ തക്കാളികള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. നാസിക്കിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡക്സ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ തക്കാളി വഴിയില്‍ ഉപേക്ഷിച്ചത്. 20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് 30 രൂപ മാത്രം ലഭിക്കുന്ന സാഹചര്യം വന്നതോടെ കര്‍ഷകര്‍ തക്കാളികള്‍ റോഡില്‍ ഉപേക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കര്‍ഷകര്‍ക്ക് പെട്ടിക്ക് 800 രൂപയിലധികം വില ലഭിച്ചിരുന്നു. ഡിമാന്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിതരണത്തിലുണ്ടായ വര്‍ധനയാണ് കുറഞ്ഞ നിരക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച തക്കാളിയുടെ ഏറ്റവും കുറഞ്ഞ വില പെട്ടിക്ക് 20 രൂപയായിരുന്നു. കൂടിയ വില 120 രൂപയാണ് രേഖപ്പെടുത്തിയത്. മെയ് 10ന് 130 രൂപയായിരുന്ന തക്കാളിയുടെ മൊത്തവില വ്യാഴാഴ്ച പെട്ടിക്ക് 60 രൂപയായി ഇടിഞ്ഞു. വെള്ളിയാഴ്ചയും ഇടിവ് തുടരുകയായിരുന്നു.