തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (21.10.23) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലുള്ളവര്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ 23ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. പക്ഷെ തുടക്കം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.