ചിങ്ങവനം : വിഷംകഴിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. കുറിച്ചി ആശാരിപ്പറമ്പിൽ ഷൺമുഖന്റെ മകൾ ശ്രീലക്ഷ്മി (അമ്മു-23) യാണ് മരിച്ചത്. കഴിഞ്ഞമാസം 28-നായിരുന്നു സംഭവം. ഒരുവർഷം മുൻപായിരുന്നു യുവതിയും വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം. വിദേശത്തായിരുന്ന അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്. ഇതേ തുടർന്നു അവിനാഷിനെ ഭയപ്പെടുത്തുന്നതിനായാണ് വിഷം കഴിച്ചതെന്നു യുവതി ചിങ്ങവനം പോലീസിനു മൊഴിനൽകിയിരുന്നു. യുവതി ഗർഭിണിയായിരുന്നതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. സംസ്കാരം നടത്തി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.