ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ദപറോവ നാളെ ഇന്ത്യയിലെത്തും. റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുന്ന വേളയിലെ ദപറോവയുടെ ഇന്ത്യാ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ദപറോവയുടെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം, യുക്രെയ്നിലെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പരസ്പര താൽപര്യമുള്ള ആഗോള പ്രശ്‌നങ്ങൾ എന്നിവ ചർച്ചാ വിഷയമാവും. വിദേശകാര്യ- സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയുമായും ദേശസുരക്ഷാ സഹ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായും എമിൻ ദപറോവ കൂടിക്കാഴ്ച നടത്തും.
യുക്രെയ്ന് സൗഹൃദപരമായ ബന്ധവും സഹകരണവുമാണ് ഇന്ത്യക്കുള്ളത്. നയതന്ത്രബന്ധം സ്ഥാപിച്ച് കഴിഞ്ഞ 30 വർഷത്തിനിടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലൂടെ വ്യാപാരം, വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം എന്നീ മേഖലകളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പരസ്പര ധാരണയും താൽപര്യങ്ങളും പങ്കുവെക്കാനുള്ള അവസരമായിരിക്കും സന്ദർശനമെന്ന് ഔദ്യോഗിക വാർത്താകുറിപ്പിൽ യുക്രെയ്ൻ അറിയിച്ചു.