നേവിയുടെ കളമശ്ശേരിയിലെ ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്‍റെ മരണം ആത്മഹത്യയല്ലെന്നും അപായപ്പെടുത്തിയതാണെന്നും ബന്ധുക്കളുടെ ആരോപണം. എന്‍എഡിയിൽ ക്ലർക്കായ മാവേലിക്കര സ്വദേശി കെ മോഹനന്‍റെ മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ദർശന ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തിങ്കളാഴ്ചയാണ് മോഹനനെ ക്വാട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്‍എഡിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിരന്തര മാനസിക പീഡനത്തിന് മോഹനൻ ഇരയായിരുന്നതായി കുടുംബം പറയുന്നു. ഓഫീസ് മേധാവി ആയ എൽറ്റിറ്റി കമാൻഡർ ജെ ജെ മാത്യു അധിക്ഷേപിക്കുകയും, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വയ്ക്കുകയും ചെയ്തിരുന്നതായി ഭാര്യ നൽകിയ പരാതിയിലുണ്ട്. വീട്ടിൽ പോകാൻ അവധി എടുത്തതിന്‍റെ പേരിൽ തുടർച്ചയായി പണിഷ്മെൻറ് ഡ്യൂട്ടി ചെയ്യേണ്ടി വന്നതായും പരാതിയിൽ പറയുന്നു. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. അടുത്ത വർഷം സ്വയം വിരമിക്കാൻ തീരുമാനം എടുത്തിരിക്കെയാണ് മോഹനനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്ത് വന്നാലും സഹിക്കാമെന്നും വീട്ടിലേക്ക് വരാമെന്നും പറഞ്ഞ വ്യക്തിയാണ് മരിച്ചത്. എന്‍എഡി ഉദ്യോഗസ്ഥരോടെ മരണകാരണത്തേക്കുറിച്ച് തിരക്കിയപ്പോള്‍ ലഭിച്ച മറുപടിയില്‍ വ്യക്തതയില്ലെന്നും ദര്‍ശന പറയുന്നു. ഇൻക്വസ്റ്റ് നടപടി കുടുംബത്തെ അറിയിച്ചിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തെ കുറിച്ച് സംശയം ഉള്ള സാഹചര്യത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ഭാര്യ ദർശന ആവശ്യപ്പെട്ടു.
സെപ്തംബര്‍ മാസം ദില്ലിയില്‍ മലയാളി പൈലറ്റിന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ ജോലി സ്ഥലത്തെ മാനസിക പീഡനമെന്ന് പരാതി ഉയര്‍ന്നിരുന്നു. തലശ്ശേരി കരിയാട് സ്വദേശിയായ മുപ്പത്തിരണ്ടു വയസ്സുകാരൻ മുഹമ്മദ് ഷാഫിയെ ദില്ലി ദ്വാരകയിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് അടച്ച മുറിയുടെ വാതിലുകളും ജനലുകളും പ്ലാസ്റ്റർ കൊണ്ട് സീൽ ചെയ്ത നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വീട് കുത്തി തുറന്നത്. കയ്യും കാലും സ്വയം കെട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അലയൻസ് എയറിൽ പൈലറ്റായ മുഹമ്മദ് ഷാഫിയെ മേലുദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.