കോഴിക്കോട് : കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്. കോഴിക്കോട് കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നും മാത്രം എട്ടു കോടി കൂടി നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പഞ്ചാവ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തൽ.
പിന്നീടാണ് കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ഏറ്റവും ഒടുവിൽ പൊലീസിൽ കോർപ്പറേഷൻ നൽകിയ പരാതിയനുസരിച്ച് എട്ട് കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരം. ലിങ്ക് റോഡിലെ ശാഖയിലെ കുടുംബശ്രീയുടെ അടക്കം പണം ഇത്തരത്തിൽ സ്വന്തം ബന്ധുക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. വർഷങ്ങളായി നടക്കുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. പക്ഷേ റിജിൽ അച്ഛന്റെ അക്കൌണ്ടിലേക്ക് മാറ്റിയ തുക അക്കൌണ്ടിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇതെല്ലാം എങ്ങോട്ടാണ് മാറ്റിയത് ആർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നതടക്കം ഇനി കണ്ടത്തേണ്ടിയിരിക്കുന്നു.
കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റയതായാണ് കോര്‍പറേഷന്‍ ആദ്യം കണ്ടെത്തിയത്. പിന്നീടാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണുള്ളത്.
ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. നിലവിൽ എരഞ്ഞിപ്പാലം ശാഖയിലെ മാനേജരായ റിജില്‍ ലിങ്ക് റോഡ് ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ഈ സമയത്താണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ പൊലീസ് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി. ബാങ്ക് ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങിയിട്ടുണ്ട്. ലിങ്ക് റോഡ് ശാഖയിലെ ഇപ്പോഴത്തെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവിലായി, മാനേജർ റിജിൽ തട്ടിയെടുത്ത തുകയിൽ 2.53 കോടിയോളം രൂപ പഞ്ചാബ് നാഷണൽ ബാങ്ക്, കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചിട്ടുണ്ട്.