തിരുവനന്തപുരം : പുതുവത്സരത്തില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ആദ്യഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷനുകളുമായി സഹകരിച്ചാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളുടെ മാതൃകയിലാണ് കേരളത്തിലും ഫുഡ് സ്ട്രീറ്റുകള്‍ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. ഓരോ നഗരങ്ങളിലേയും തനത് രുചി വൈവിധ്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
വൈകുന്നേരങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകള്‍ സജീവമാകുക. വലിയങ്ങാടിയെ പോലുളള തിരക്കുളള സ്ഥലങ്ങളില്‍ ഇത്തരം തെരുവുകള്‍ സൃഷ്ടിക്കുന്നത് കൂടുതല്‍ ആളുകളുടെ ശ്രദ്ധക്ഷണിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും സമാനമായ ഫുഡ് സ്ട്രീറ്റുകള്‍ കൊണ്ടുവരും. ഫുഡ് സ്ട്രീറ്റുകളിലൂടെ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളൊരുക്കി കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.