കോന്നി : പഞ്ചായത്തുതലത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തിട്ടപ്പെടുത്തുന്നതിന് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ചലഞ്ച് ഡെസ്റ്റിനേഷൻ പദ്ധതിപ്രകാരം 50 ലക്ഷം രൂപവരെ സഹായം ലഭിക്കും. ഈ സബ്സിഡിത്തുക കൂട്ടാനും ആലോചനയുണ്ട്. ഗ്രാമങ്ങളിൽ പുതിയ വിനോദസഞ്ചാരസ്ഥലങ്ങൾ കണ്ടെത്തി പദ്ധതി നടപ്പാക്കേണ്ടത് പഞ്ചായത്തുകളാണ്. ഇതിന് ടൂറിസം വകുപ്പിന്റെ അംഗീകാരം തേടണം. പൂർത്തിയാകുമ്പോൾ 40 ശതമാനം തുക സബ്സിഡിയായി ടൂറിസം വകുപ്പ് പഞ്ചായത്തുകൾക്ക് നൽകും. 60 ശതമാനം തുക പഞ്ചായത്ത് ചെലവിടണം. ഒരു പഞ്ചായത്തിൽ രണ്ട് സ്ഥലംവരെ വിനോദസഞ്ചാരകേന്ദ്രമാക്കാം. പ്രകൃതിക്കിണങ്ങിയ പദ്ധതി ആവിഷ്കരിക്കണം. സാധാരണക്കാരായ സഞ്ചാരികൾക്കും വരാൻപറ്റുന്ന ഇടമായിരിക്കണം. സ്വന്തമായി സ്ഥലമില്ലാത്ത പഞ്ചായത്തുകൾക്ക്, റവന്യൂ പുറമ്പോക്ക് പാട്ടത്തിനെടുത്ത് പദ്ധതി നടപ്പാക്കാം.
നിരവധിപേർക്ക് ഗ്രാമീണതലത്തിൽ തൊഴിലും കിട്ടും. ചില പഞ്ചായത്തുകൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. കൂടുതൽ സാമ്പത്തികസഹായം അനുവദിക്കാനും ആലോചിക്കുന്നു. മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാൻ ടൂറിസംവകുപ്പ് ലക്ഷ്യമിടുന്നു.