ആഗ്ര: തിരുവനന്തപുരത്ത് നിന്ന് ആഗ്രയിലെത്തിയ മലയാളി, കൊവിഡ് വകഭേദം ജെഎന്‍.1 സ്ഥിരീകരിച്ചതോടെ മൊബൈല്‍ ഫോണ്‍ ഓഫാക്കി കടന്നുകളഞ്ഞെന്ന് ആരോപണം. കഴിഞ്ഞദിവസം ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് മലയാളിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഇയാള്‍ ഫോണ്‍ ഓഫാക്കി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ഫോണ്‍ രാജസ്ഥാനിലെ ധോല്‍പൂരില്‍ വച്ച് ഓണാക്കി. ഫോണില്‍ ലഭ്യമായപ്പോള്‍ ധോല്‍പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസറോട് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ശ്രീവാസ്തവ പറഞ്ഞു.
രോഗബാധിതന്‍ തിരക്കേറിയ സ്ഥലത്ത് ചുറ്റിത്തിരിഞ്ഞതിലും കിലോമീറ്ററുകള്‍ യാത്ര ചെയ്തതിലും ആശങ്കയുണ്ടെന്ന് ആഗ്ര ടൂറിസ്റ്റ് വെല്‍ഫെയര്‍ ചേംബര്‍ പ്രസിഡന്റ് പ്രഹ്ലാദ് അഗര്‍വാള്‍ പറഞ്ഞു. താജ്മഹല്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും രോഗ വ്യാപനം തടയാന്‍ കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പുനഃസ്ഥാപിക്കണമെന്നും പ്രഹ്ലാദ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 841 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം, കര്‍ണാടക, ബീഹാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൊവിഡ് സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത് 4309 പേരാണ്. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ പുതുവത്സര ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. മുതിര്‍ന്ന പൗരന്‍മാരും രോഗികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിച്ചു.