കൊച്ചി: ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട വിവിധ അപ്പീലുകളില്‍ ഹൈകോടതിയില്‍ വാദം തുടങ്ങി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നല്കിയ അപ്പീലും പ്രതികളെ വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലുമാണിപ്പോൾ കോടതി പരിഗണിക്കുന്നത്.
ഇതോടൊപ്പം മറ്റ് പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും രമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേസമയം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റീസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
2012 മേയ് നാലിനാണ് ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. 2014ല്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിയെ മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചിരുന്നു. എന്നാൽ, ഇടതുസർക്കാറിന് കീഴിൽ നിലവിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അടുത്ത കാലത്താണ് പ്രധാന പ്രതി കൊടിസുനിയെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ട്രെയിൽ കൊണ്ടുപോയതിനെതിരെ വിമർശനവുമായി രമ രംഗത്തെത്തെിയിരുന്നു.