കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ കെ രമയുടെ ആവശ്യം സർക്കാർ നിരസിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ പാനൽ നിർദേശിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കെ കെ രമക്കും പ്രോസിക്യൂട്ടർമാരെ നിർദേശിക്കാം. സർക്കാർ നിർദേശം കോടതി രേഖപ്പെടുത്തി.
സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന കോടോത്ത് ശ്രീധരൻ നായർ രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം രമ കോടതിയിൽ ഉന്നയിച്ചത്. നിയമനത്തിൽ ഉടൻ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കെ സി രാമചന്ദ്രൻ, കെ കെ കൃഷ്ണൻ എന്നിവർ അടക്കം ഒൻപത് പ്രതികളുടെ അപ്പീലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്‍റെ പരിഗണനയിലുള്ളത്.2012 മെയ് നാലിന് വടകരക്കടുത്ത് വള്ളിക്കാട് വച്ച് രാത്രി പത്ത് മണിയോടെയാണ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.