തിരുവനന്തപുരം : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയില്‍ സംസ്ഥാനം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകള്‍ ഇരട്ടിയായിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് ആലോചിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടു മാസമായി സംസ്ഥാനത്ത് പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആര്‍) ക്രമമായി കുറയുകയായിരുന്നു. ശരാശരി 2,500 ആയിരുന്നു പ്രതിദിന രോഗബാധ. ടിപിആര്‍ 3.75 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കൊണ്ട് ഇവ കുത്തനെ ഉയര്‍ന്നു. ഇന്നലെ 4,801 പേര്‍ രോഗികളായപ്പോള്‍ ടിപിആര്‍ 6.75 ശതമാനം ആണ്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലെ ആള്‍ക്കൂട്ടമാവാം രോഗവ്യാപനം ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഒരാഴ്ചയ്ക്ക് ശേഷം കേസുകള്‍ കുറഞ്ഞു തുടങ്ങും. ഒമിക്രോണ്‍ കേസുകളും സംസ്ഥാനത്ത് ഉയരുകയാണ്. ഇന്നലെ 49 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 230 ആയി. ഇതില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.