ന്യുഡൽഹി: ഫെബ്രുവരി 23-24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് നീട്ടിവെച്ചു. കോവിഡ് മൂന്നാം തരംഗവും നിയമസഭ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് മാർച്ച് 28-29ലേക്ക് മാറ്റുന്നതെന്ന് ദേശീയ വ്യാപാര സംഘടനകളുടെ സംയുക്ത ഫോറം വ്യക്തമാക്കി.പാർലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തിൽ ദേശീയ പണിമുടക്ക് നടത്താൻ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തിരുന്നത്. യു.പിയിൽ നിയമസഭയിലേക്കും തമിഴ്നാട്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് ഈ സമയത്താണ്.
നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. ഇത് പരിഗണിച്ചാണ് നീട്ടിവെക്കൽ. ഐ.എൻ.ടി.യുസി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.