കൽപറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിർമാണമേഖല പൂർണമായും സ്തംഭനാവസ്ഥയിലായതിനാൽ മഴക്കാലത്തിന് മുമ്പ് തീർക്കേണ്ട പ്രവൃത്തികൾ മുഴുവൻ തടസ്സപ്പെട്ടിരിക്കുകയാണ്.
വയനാട് ജില്ലയിൽ അടഞ്ഞ് കിടക്കുന്ന ക്വാറികൾ മുഴുവനും സർക്കാർ താൽക്കാലികമായി നേരിട്ട് നടത്തി മിതമായ നിരക്കിൽ ജില്ലയിലെ സാധാരണ ജനങ്ങൾക്ക് നിർമാണ സാമഗ്രികൾ നൽകിയാൽ ഏറെ ഉപകാരപ്രദമാവും. കൂടാതെ വയനാട് ജില്ലയിലേക്കുള്ള ചുരം റോഡുകളിൽ നിരന്തരം ഗതാഗത തടസ്സം നേരിടുന്നത് അന്യജില്ലകളിൽ നിന്ന് വരുന്ന ടിപ്പർ ലോറികളുടെ വരവ് കാരണമാണ്. അതിന് ഒരു ശാശ്വതപരിഹാരവുമാകും. ഇതിന്റെ മറവിൽ വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിക്കുന്ന ക്രഷറുകൾ വില ഈടാക്കുന്നത് അന്യജില്ലകളിലേതിലേക്കാൾ അധികമാണ്. അടിയന്തിരമായി സർക്കാർ ഇതിൽ ഇടപെടണമെന്ന് ഭാരവാഹികൾ പറഞ്ഞു. ഉദ്യോഗസ്ഥരും കപട പരിസ്ഥിതി വാദം പറഞ്ഞ് അന്യ ജില്ലയിലെ ക്വാറി ഉടമകളെ സഹായിക്കുകയാണ്. എട്ടുവർഷമായി വയനാട് ജില്ലയിലെ വിരലിൽ എണ്ണാവുന്ന ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
റോയൽറ്റിയും ഡീലേഴ്സ് ലൈസൻസ് ഫീസും ഉൾപ്പെടെ എം സാൻഡിന് 2.83 രൂപയും മെറ്റലിന് 2.56 രൂപയും സർക്കാർ എട്ടു വർഷത്തിന് ശേഷം കൂട്ടിയപ്പോൾ അതിന്റെ മറവിൽ എട്ടുരൂപ വരെ ഒരടിക്ക് വിലവർധിപ്പിച്ചു. ശേഷം റോയൽറ്റി തുക കുറക്കാൻ സമരം ചെയ്ത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ചെറിയ ഒരു തുക വില കുറച്ച് കാണിക്കാനുള്ള ശ്രമമാണ് ക്വാറി ഉടമകൾ നടത്തുന്നത്.
ഇതിനെതിരെ വയനാട് ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവർ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിന് ശാശ്വതപരിഹാരം കാണാൻ വേണ്ടിയാണ് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2023 മെയ് രണ്ട്, മൂന്ന് തീയതികളിൽ വാഹന പ്രചാരണ ജാഥ നടത്തുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ല സെക്രട്ടറി പി.കെ. അയ്യൂബ്, ജില്ല പ്രസിഡന്റ് എം.പി. സണ്ണി, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സജി മാത്യു, ജില്ല ട്രഷറർ വി.ജെ. ഷാജി, കലേഷൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.