ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം ഖജുരാഹോ-ഉദയ്പൂര്‍ ഇന്റര്‍സിറ്റി ട്രെയിനിന്റെ എഞ്ചിനില്‍ തീപിടിത്തമുണ്ടായി. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ സിതോലി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിന്‍ ഗ്വാളിയോറില്‍ നിന്ന് പുറപ്പെട്ട് സിതൗലി സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് സംഭവം നടന്നത്.
എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നുവെങ്കിലും തീപടര്‍ന്നില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ജാന്‍സിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി. വാര്‍ത്ത അറിഞ്ഞയുടന്‍ റെയില്‍വേ സംരക്ഷണ സേനയുടെ (ആര്‍പിഎഫ്) രണ്ട് ഫയര്‍ എഞ്ചിനുകളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് കുതിച്ചു. ‘ട്രെയിന്‍ നമ്പര്‍ 19666 ഉദയ്പൂര്‍-ഖജുരാഹോ എക്സ്പ്രസിന്റെ എഞ്ചിനില്‍ സിതൗലിക്ക് സമീപത്ത് വച്ച് പുക ഉയര്‍ന്നതായി കണ്ടു. ഉടന്‍ ട്രെയിന്‍ നിര്‍ത്തി OHE (ഓവര്‍ ഹെഡ് എക്യുപ്മെന്റ്-കാന്റിലിവര്‍) അടച്ചു. പുക നിയന്ത്രിച്ചു. മറ്റൊരു എഞ്ചിന്‍ ഘടിപ്പിച്ച ശേഷം ട്രെയിന്‍ ലക്ഷ്യസ്ഥാനത്തേക്ക് തന്നെ അയക്കും. സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്,’ സിപിആര്‍ഒ ഹിമാന്‍ഷു ശേഖര്‍ ഉപാധ്യായ പറഞ്ഞു.