കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു. കേരള എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി. നിലവിൽ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി – തിരുവനന്തപുരം ലൈൻ കുഴപ്പമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം – ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി തിരിച്ചറിഞ്ഞത്.