പട്ന: ബിഹാറിലെ ഗയ സ്‌റ്റേഷനിൽ റെയിൽവേ നിയമന പരീക്ഷയെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികൾ ട്രെയിനുകൾ തകർക്കുകയും തീയിടുകയും ചെയ്തു. റെയിൽവേയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടുകളാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വ്യാപകമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റെയിൽവേയുടെ എൻ.ടി.പി.സി , ലെവൽ വൺ പരീക്ഷകൾ താൽകാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വിവിധ റെയിൽവേ നിയമന ബോർഡ് പരീക്ഷകളിൽ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും പരാതികൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇരുകൂട്ടരുടെയും അഭിപ്രായം കേട്ട ശേഷം കമ്മിറ്റി റെയിൽവേ മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
നേരത്തെ ബിഹാറിൽ പലയിടത്തും റെയിൽവേ പാളങ്ങളിൽ കുത്തിയിരുന്ന് സമരക്കാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി പൊതുസ്വത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും റിക്രൂട്ട്മെന്‍റിൽ നിന്ന് പുറത്താക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.