കോട്ടയം : അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ച 38 പേരിൽ രണ്ടു പേർ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങൾ. പീടിയേക്കൽ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവർക്കാണ് വധശിക്ഷ. നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമൺ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാംപിൽ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
ഈ കേസിൽ ഇവർക്കു ശിക്ഷയും ലഭിച്ചിരുന്നു. അഹമ്മദാബാദ് സ്ഫോടനപരമ്പരയ്ക്കു മുന്നോടിയായി നടന്ന ഈ ക്യാംപിലാണ് സ്ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2007 ഡിസംബർ 9 മുതൽ 12 വരെ നടന്ന ക്യാംപിൽ 45 പേർ പങ്കെടുത്തു.
അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഉൾപ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാംപിനെത്തിയവർക്ക് താമസസൗകര്യവും വാഹനവും ഏർപ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
അതേസമയം വധശിക്ഷ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഇരുവരുടെയും പിതാവ് പറഞ്ഞു. ഷിബിലിയെയും ശാദുലിയെയും കൂടാതെ കൊണ്ടോട്ടി സ്വദേശി ഷറഫുദീനെയും സ്ഫോടനപരമ്പര കേസിൽ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അൻസാറിനെ മരണംവരെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. നേരത്തേ കുറ്റവിമുക്തരാക്കിയ 28 പ്രതികളിലും മൂന്നു മലയാളികൾ ഉൾപ്പെട്ടിരുന്നു.