തിരുവനന്തപുരം : ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി വിവാദത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന് സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളെ കേൾക്കും. ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ച് ആളുകളെ കൂടി കേൾക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാലിയിൽ പങ്കെടുത്തവരുടെ ഭാഗവും ഡിസിസി പ്രസിഡന്റിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ആളുകളുടെ ഭാഗവും കേൾക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അടുത്ത കാലത്ത് സിപിഎം തൊട്ടതെല്ലാം കുഴപ്പത്തിൽ ചാടുന്ന സ്ഥിതിയാണ്. യുഡിഎഫിലും കോൺഗ്രസിലും ആരെയും ഉന്നംവെച്ച് സിപിഎം ഒരു കളിക്കും പോകണ്ട. നാശത്തിലേ കലാശിക്കൂ. മനോഹരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങൾ. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെവി തോമസിന്റെ അവസ്ഥയെന്താണെന്നും അദ്ദേഹം ചോദിച്ചു.