ബെംഗളൂരു: കർണാടകത്തിൽ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെസി വേണുഗോപാൽ യാത്രാ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ കൊണ്ടുവന്നത്. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ കർണാടക എസ്ആർടിസി 59 അധിക സ്പെഷൽ സർവീസുകൾ നടത്താൻ തീരുമാനിച്ചെന്ന് കെ സി വേണുഗോപാൽ അറിയിച്ചു.
ക്രിസ്മസ് അവധിയോടടുപ്പിച്ച് ഈ മാസം 22 ,23 ,24 തീയതികളിലാകും പ്രത്യേക സർവീസുകൾ അനുവദിക്കുക. ഇതിൽ 18 സർവീസുകൾ എറണാകുളത്തേക്കും 17 സർവീസുകൾ തൃശ്ശൂർ വരെയുമായിരിക്കും. കോഴിക്കോടേക്കും കണ്ണൂരേക്കും പ്രത്യേകം സർവീസുകൾ ഉണ്ടാകുമെന്നാണ് വിവരം. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധികളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ യാത്രാദുരിതം ഭീകരമാണ്. വലിയ തുക നൽകി മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താലും യാത്ര പ്രതിസന്ധിയിലാവുന്നതാണ് പതിവ്. ഇരട്ടിയിലധികം തുകയാണ് ടിക്കറ്റിനായി സ്വകാര്യ സർവീസുകൾ ഈടാക്കുന്നതും. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് എംപി ഇടപെട്ടത്.