ഡല്‍ഹി : രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്ന പൊതുതാൽപര്യഹർജികൾ വിശാല ബെഞ്ചിന് അയക്കണമോയെന്നതിൽ സുപ്രിംകോടതിയിലെ നിർണായക വാദം കേൾക്കൽ ഇന്ന്. ഹർജികൾ വിശാല ബെഞ്ചിന് വിടരുതെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A വകുപ്പിന്റെ യുക്തി പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൊളോണിയൽ അവശിഷ്ടങ്ങൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായി രാജ്യദ്രോഹക്കുറ്റവും പുനഃപരിശോധിക്കും. നടപടികൾ കഴിയുന്നത് വരെ കോടതി കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് നിർണായകമാകും.
അതേസമയം, രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കഴിഞ്ഞതവണ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. 124 A വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊളോണിയൽ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.