തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐ മന്ത്രിമാരെ പരിഹസിച്ച് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മൗനത്തിൽ, മുഖ്യമന്ത്രിയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാരെ കേസുകളിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകായുക്തയുടെ ഗൗരവം കുറയ്ക്കാൻ ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓർഡിനൻസ് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. നിയമസഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല.
മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സിപിഐ മന്ത്രിമാരുടെ മൗനത്തെയും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങൾ നൽകിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങൾ ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയൻ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ ഭാഗത്ത് ഏകോപനം ഇല്ലെന്നാണ് ചെന്നിത്തലയുടെ പ്രധാന ആക്ഷേപം.