വട്ടിയൂർക്കാവ് : ശനിയാഴ്ച അർധരാത്രി വീട്ടിനുള്ളിൽവെച്ച് പാമ്പുകടിയേറ്റ സ്ത്രീ ഞായറാഴ്ച പുലർച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പാമ്പ് കടിച്ചശേഷം അധികം വൈകാതെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ലഭിക്കാൻ വൈകിയതാണ് മരണത്തിനിടയായതെന്ന് ബന്ധുക്കൾ ആരോപിച്ചു. വട്ടിയൂർക്കാവ് വെള്ളെക്കടവ് ചാത്തൻതറ ഗോപിക ഭവനിൽ ഷീല(50)യാണ് മരിച്ചത്. വീടുപണി നടക്കുന്ന സ്ഥലത്തിനുസമീപം തകരഷീറ്റുകൊണ്ടു നിർമിച്ച താൽക്കാലിക ഷെഡ്ഡിലാണ് ഷീലയും കൂലിപ്പണിക്കാരനായ ഭർത്താവ് ഗോപിനാഥനും മക്കളും താമസിച്ചിരുന്നത്. ശനിയാഴ്ച അർധരാത്രി ഉറക്കത്തിൽ നിന്നെഴുന്നേറ്റ ഷീല കട്ടിലിൽനിന്നു കാൽ തറയിൽ ചവിട്ടിയപ്പോഴാണ് പാമ്പ് കടിച്ചത്.
പാമ്പ് ഇഴഞ്ഞുപോയി. തുടർന്ന് ബൈക്കിനു പുറകിലിരുത്തി മകൻ ഗോകുൽ ഷീലയെ പേരൂർക്കട ആശുപത്രിയിലും അവിടെനിന്ന് ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. എന്നാൽ പാമ്പ് കടിച്ചതാണെന്നു പറഞ്ഞിട്ടും മെഡിക്കൽ കോളേജിലെ ജീവനക്കാർ വേണ്ട ശ്രദ്ധ നൽകിയില്ലെന്ന് ബന്ധു സന്തോഷ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെത്തുടർന്നാണ് ഷീല മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ആരോഗ്യ വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്ന് ഷീലയുടെ ബന്ധുക്കൾ പറഞ്ഞു. താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനു പുറകിലായി ഷീലയുടെ സംസ്കാരം നടത്തി.
കിടത്തിച്ചികിത്സയ്ക്ക് കട്ടിൽ ഒഴിവില്ലെന്ന് പറഞ്ഞു
ഷീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പി.ജി. വിദ്യാർഥികളായ രണ്ടുപേർ മാത്രമാണ് അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതു പാമ്പാണെന്ന് അറിയാതെ ചികിത്സ തുടങ്ങാൻ കഴിയില്ലെന്ന് ഇവർ പറഞ്ഞു. രക്തം പരിശോധിക്കാനോ പൾസ് നോക്കാനോ തയ്യാറാകാതെ ഇവർ ഫോൺ ചെയ്ത് കൊണ്ടിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഷീലയുടെ കൂടെയുണ്ടായിരുന്നവർ ശബ്ദമുയർത്തിയപ്പോൾ കിടത്തിച്ചികിത്സയ്ക്ക് കട്ടിൽ ഒഴിവില്ലെന്നും ഏഴാം വാർഡിൽ ഡോക്ടർ ഉണ്ടെന്നും അവിടേക്കു കൊണ്ടുപോകാനും പറഞ്ഞു. അതിനുവേണ്ടി ലിഫ്റ്റിന് ഏറെസമയം കാത്തുനിന്നു. ഏഴാം വാർഡിലെത്തിയപ്പോൾ രണ്ടുമണിക്കൂറോളം കഴിഞ്ഞിരുന്നു. ഈ സമയം ഷീലയുടെ കാൽമുട്ടുവരെ നീല നിറമായെന്നും ശരീരം തണുത്ത് തുടങ്ങിയെന്നും സന്തോഷ് പറയുന്നു. ഇക്കാര്യം പറഞ്ഞപ്പോഴാണ് ഐ.സി.യു.വിൽ ഇപ്പോൾ കിടക്ക ഒഴിവുണ്ടെന്നുപറഞ്ഞ് ഷീലയെ കൊണ്ടുപോയത്.
ഡയാലിസിസ് നടത്തിയെന്നും മരുന്നുകളോട് ഷീല പ്രതികരിക്കുന്നതായും ആന്റിവെനം നൽകിയതായും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഞായറാഴ്ച പുലർെച്ചയോടെ ഷീല മരിച്ചെന്ന വിവരമാണ് അറിയിച്ചത്.