തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺ പോളിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ജോൺ പോൾ, രണ്ടു മാസത്തിലേറെയായി ആശുപത്രിയിലാണ്.
മാസങ്ങളായി നീളുന്ന ചികിത്സയെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ചികിത്സ സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ചേർന്നു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ദുരിതാശ്വാസനിധിയിൽനിന്നു തുക അനുവദിച്ചത്.
മലയാള സിനിമയ്ക്കു നിർണായക സംഭാവന നൽകിയിട്ടുള്ള ജോൺ പോളിന് കാര്യമായ സാമ്പത്തിക നീക്കിയിരിപ്പുകൾ ഇല്ലെന്നത് കുടുംബത്തെ വലയ്ക്കുന്നുണ്ട്. ഇതോടെ ജോൺ പോളിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്ന് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിക്കുകയും ചെയ്തിരുന്നു.