തൃശൂർ > ശക്തമായ മഴയിൽ സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിനു മുൻവശത്ത് ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകളുടെ മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്‌ച പകൽ 1.45ഓടെ തേക്കിൻകാട് മൈതാനത്തെ വൻമരമാണ് കടപുഴകിയത്. മാരുതി സെൻ, ഹുണ്ടായി കാറുകളുടെ ചില്ലുകൾ തകർന്നു. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൂരം വെടിക്കെട്ടിന്റെ സുരക്ഷയ്‌ക്കായി സ്വരാജ് റൗണ്ടിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ഫയർഹൈഡ്രന്റ് പൈപ്പിൽ മരം തങ്ങിനിന്നതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.
ചില്ലകൾ മാത്രമാണ് റൗണ്ടിലേക്ക് പതിച്ചത്. മരം പൂർണമായി റൗണ്ടിലെ വാഹനങ്ങൾക്കുമേൽ വീണിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്‌തി ഏറുമായിരുന്നു. പരിക്കേറ്റവർ ചികിത്സയ്‌ക്കുശേഷം, മറ്റൊരു കാറിൽ യാത്ര തുടർന്നു. ഫയർഫോഴ്സ് എത്തി ഏറെനേരം പണിപ്പെട്ടാണ് റോഡിൽനിന്ന് മരം മുറിച്ചു നീക്കിയത്. നഗരത്തിലെ പ്രധാന റോഡായ സ്വരാജ് റൗണ്ടിൽ വൻമരം വീണതോടെ റൗണ്ടിനു ചുറ്റും അതിലേക്കുള്ള മറ്റു റോഡുകളിലും ഗതാഗതക്കുരുക്കായി. ഒരു മണിക്കൂറിലേറെ സമയമെടുത്ത് ചില്ലകൾ അറുത്തുമാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്.