കർണാടക: കർണാടകയിൽ കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ. പാർലമെൻറ് ആക്രമണ കേസ് പ്രതികൾക്ക് പാസ് നൽകി വിവാദത്തിലായ ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹാസൻ ജില്ലയിലുള്ള വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസ്. ബിജെപി എംപിയുടെ സഹോദരന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിക്രം സിംഹയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇലക്ട്രോണിക് നിരീക്ഷണം വഴി വിക്രം ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ സംഘടിത ക്രൈം സ്ക്വാഡിനെ സമീപിക്കുകയും സംയുക്ത ഓപ്പറേഷനിലൂടെ വിക്രം സിംഹയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ തുടർനടപടികൾക്കായി ഇയാളെ ഹാസനിലേക്ക് കൊണ്ടുപോകും.
പാർലമെന്റ് സുരക്ഷാ വീഴ്ച്ചയിലെ തൻ്റെ പങ്കിനെക്കുറിച്ച് പ്രതിപക്ഷം ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പ്രതാപ് സിംഹയുടെ സഹോദരന്റെ അറസ്റ്റ്. പുതിയ സംഭവം ബിജെപി എംപിയുടെ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുമെന്ന് ഉറപ്പാണ്. ഡിസംബർ 13 ന് ലോക്സഭയിലേക്ക് അതിക്രമിച്ച് കയറിയ പ്രതിഷേധിച്ചവരിൽ ഒരാൾ പ്രതാപ് സിംഹയുടെ ഓഫീസ് നൽകിയ സന്ദർശക പാസ് കൈവശം വച്ചിരുന്നു.