വിശാഖപട്ടണം: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തതോടെയാണ് 100 കിലോമീറ്ററിലധികമാണ് മൃതദേഹവുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്.
വിശാഖ പട്ടണത്തെ കിങ് ജോര്‍ജ് ഹോസ്പിറ്റലിൽ നിന്ന് പടേരു വരെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ സഞ്ചരിച്ചത്. ഫെബ്രുവരി രണ്ടിനാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. പടേരുവിലായിരുന്നു കുഞ്ഞിന്റെ ജനനം. എന്നാല്‍ കുട്ടിയ്ക്ക് ജനിച്ചയുടനെ പെരിനാറ്റല്‍ അസ്ഫിക്‌സിയ എന്ന രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിശാഖപട്ടണത്തുള്ള കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.
തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ആംബുലന്‍സ് ഇല്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ ഈ ആവശ്യം തള്ളിയെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി തങ്ങളുടെ ഗ്രാമമായ പടേരുവിലേക്ക് ദമ്പതികള്‍ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു. പടേരുവിലെ കുമഡ ഗ്രാമത്തിലാണ് ഇവരുടെ വീട്. പിന്നീട് പടേരുവില്‍ നിന്ന് ഒരു ആംബുലന്‍സിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്.
എന്നാൽ ആംബുലന്‍സ് നിഷേധിച്ചിട്ടില്ലെന്ന് കെ.ജി.എച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. അശോക് കുമാര്‍ പറഞ്ഞു. ആംബുലന്‍സ് വിട്ട് നല്‍കില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കുറച്ച് സമയം എടുക്കുമെന്നാണ് പറഞ്ഞതെന്നുമായിരുന്നു സൂപ്രണ്ടിന്റെ വാദം.
‘കുഞ്ഞിന്റെ മാതാപിതാക്കള്‍ അല്‍പ്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ആംബുലന്‍സ് നല്‍കുമായിരുന്നു. കുഞ്ഞ് മരിക്കുന്നത് രാവിലെ 7.50നാണ്. മൃതദേഹം വിട്ട് നല്‍കിയത് 8.30നാണ്. തുടര്‍ന്ന് ഞങ്ങള്‍ ട്രൈബല്‍ സെല്ലുമായി ബന്ധപ്പെട്ടിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തിക്കണമെന്നും പറഞ്ഞു. എന്നാല്‍ അതിന് കാത്ത് നില്‍ക്കാതെ ദമ്പതികള്‍ കുഞ്ഞിന്റെ മൃതദേഹവുമായി പോകുകയായിരുന്നു. 9.15നാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിഷയം ഞങ്ങള്‍ ഡിഎംഎച്ച്ഒയെ അറിയിച്ചു. പിന്നീട് പടേരുവിലെ ഐടിഡിഎ പിഒയെയും അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ദമ്പതികളെ കണ്ടെത്തുകയും അവിടെ നിന്ന് ആംബുലന്‍സ് സൗകര്യം നല്‍കുകയുമായിരുന്നു’-എന്ന് ആശുപത്രി സൂപ്രണ്ടന്റ് പറഞ്ഞു.