വനങ്ങള്‍ക്കുള്ളിലൂടെ യാത്ര പോകുമ്പോള്‍ മൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കാന്‍ ശ്രമിക്കരുതെന്നാണ് വനംവകുപ്പിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ സഞ്ചാരികള്‍ പലരും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. യുഎസിലെ അലാസ്കയിലെ ഹോമറില്‍ ഇത്തരത്തില്‍ മൂസ് ( moose) എന്ന മൃഗത്തിന്‍റെ കുഞ്ഞുങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഒരു വൃദ്ധനെ കുത്തിക്കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡെയ്ന്‍ ചോര്‍മാന്‍ എന്ന എഴുപത് വയസുകാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മൂസിന്‍റെ ആക്രമണത്തില്‍ ചോര്‍മാന് ഗുരുതരമായി പരിക്കേറ്റു. അതേസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മൂസിന്‍റെ കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് അവയെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി കാട്ടിലൂടെ പോവുകയായിരുന്ന ഇരുവരെയും മൂസ് അക്രമിക്കുകയായിരുന്നുവെന്ന് അലാസ്ക ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് ഓസ്റ്റിൻ മക്ഡാനിയൽ പറഞ്ഞു. ചോര്‍മാന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്ന് ഡോക്ടര്‍മാർ അറിയിച്ചു. അക്രമണത്തിന് പിന്നാലെ മൂസ് കുട്ടികളെയും കൊണ്ട് പ്രദേശത്ത് നിന്ന് പോയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “മൂസുകള്‍ പ്രസവിക്കുന്ന സമയമാണ് ഇത്. അവർ കൂടുതല്‍ സ്ഥലം ആഗ്രഹിക്കുന്ന സമയമാണ്. കുട്ടികളുള്ള മൂസ്, നിങ്ങൾ കാണാന്‍ പോകുന്ന കൂടുതൽ ആക്രമണകാരിയായ മൂസായിരിക്കും. അവ ഈ സമയങ്ങളില്‍ പ്രവചനാതീതമായി പെരുമാറും. എന്ത് വില കൊടുത്തും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാന്‍ അവ ശ്രമിക്കും. പ്രായപൂര്‍ത്തിയായ ഒരു മൂസിന്‍റെ ചവിട്ടോ കൊമ്പു കൊണ്ടുള്ള കുത്തോ, അവയുടെ വലിപ്പം വച്ച് നോക്കുമ്പോള്‍ ഏറെ അപകടകരമാണ്.’ പബ്ലിക് സേഫ്റ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
പ്രായപൂര്‍ത്തിയായ ഒരു പെണ്‍ മൂസിന് ശരാശരി 800 പൌണ്ട് ഭാരം ( 363 കിലോഗ്രാം) ഉണ്ടാകും. ആണ്‍ മൂസിന് 1600 പൗണ്ട് (ഏകദേശം 726 കിലോഗ്രാം) ഭാരവും ഉണ്ടാകും. ഇവയ്ക്ക് സാധാരണ 6 അടി (1.8 മീറ്റർ) ഉയരമുണ്ടായിരിക്കും. ‘എൽക്ക്’ (Elk) എന്നാണ് ഇവ യൂറോപ്പിൽ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വലുതും ഭാരമേറിയതുമായ മാന്‍ ഇനമായി ഇവയെ കണക്കാക്കുന്നു. വടക്കേ അമേരിക്കയിലേക്ക് എത്തുമ്പോള്‍ ശരീരഭാരത്താല്‍ അമേരിക്കൻ കാട്ടുപോത്തിന് തൊട്ടുപിന്നിലാണ് ഇവയുടെ സ്ഥാനം. കരയിലെ രണ്ടാമത്തെ വലിയ മൃഗമാണ് ഇവ. ഏഴര ലക്ഷം മനുഷ്യരാണ് അലാസ്കയില്‍ ഉള്ളത്. അതേസമയം രണ്ട് ലക്ഷത്തോളം മൂസുകളും അലാസ്കയിലുണ്ടെന്ന് അലാസ്ക ഡിപ്പാർട്ട്‌മെൻന്‍റ് ഓഫ് ഫിഷ് ആൻഡ് ഗെയിമിന്‍റെ കണക്കുകള്‍ പറയുന്നു. മൂസികള്‍ ആക്രമിക്കാതിരിക്കണമെങ്കില്‍ അവയെ പ്രകോപിപ്പിക്കാതിരിക്കുക എന്നത് മാത്രമാണ് ചെയ്യാന്‍ ഉള്ളതെന്ന് മുന്നറിയിപ്പുകള്‍ പറയുന്നു. നിങ്ങളുടെ വഴിയില്‍ ഒരു മൂസ് വന്ന് പെട്ടാൽ അത് കടന്ന് പോകുന്നത് വരെ കാത്തിരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നാണ് അലാസ്ക പബ്ലിക് സേഫ്റ്റിയുടെ മുന്നറിയിപ്പുകള്‍.