കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി ഇടപെടുന്നതിനും നിശബ്ദ പ്രചാരണം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിച്ചതിനുമാണ് ഗവർണർക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തോടനുബന്ധിച്ചുള്ള ഗവർണറുടെ കൂച്ച് ബെഹാർ പര്യടനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായതിനാൽ പര്യടനം അവസാനിപ്പിച്ച് തിരിച്ചുവരാൻ തെരഞ്ഞെടുപ്പ് കമീഷൻ ഗവർണറോട് ആവശ്യപ്പെട്ടു.ഏപ്രിൽ 19 ആദ്യഘട്ടത്തിലാണ് കൂച്ച് ബെഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. ബുധനാഴ്ച വൈകുന്നേരം മുതൽ കൂച്ച് ബെഹാറിൽ നിശബ്ദ പ്രചാരണം ആരംഭിച്ചിരുന്നു.ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.