ബംഗാൾ : ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. നേരത്തേ മമതാ ബാനര്‍ജിയും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകളുമായി മുന്നോട്ടുപോകുകയും അഞ്ച് സീറ്റിലെങ്കിലും ധാരണയായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് സഖ്യസാധ്യത പൂര്‍ണമായും തളളി അഭിഷേക് ബാനര്‍ജി കൂടി രംഗത്തെത്തുന്നത്. അതേസമയം ബംഗാളില്‍ അധ്യാപക നിയമന അഴിമതിയും, റേഷന്‍ അഴിമതിക്കും പിന്നാലെ സന്ദേശ് ഖാലി സംഘര്‍ഷം കൂടി വന്നതോടെ മമതാ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.