ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും.
‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.