ബാലരാമപുരം: പൊതുനിരത്തിൽ രാത്രി മാലിന്യം നിക്ഷേപിച്ച് കടക്കുന്നവരെ കണ്ടെത്താൻ നടപടിയുമായി ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ. മൂന്നുദിവസത്തിനിടെ പത്തിലേറെ പേരെ പിടികൂടി 500 രൂപ പിഴയീടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥർ രാത്രി നിരീക്ഷണം നടത്തിയാണ് പലരെയും പിടികൂടുന്നത്. മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ നമ്പർ ശേഖരിച്ച് നടപടി സ്വീകരിച്ചു.
മാലിന്യപ്രശ്നം രൂക്ഷമായതോടെ തെരുവുനായ് ശല്യവും വർധിച്ചിരുന്നു. ബാലരാമപുരം കച്ചേരിക്കുളത്ത് മാലിന്യം നിക്ഷേപിച്ച് ജലസ്രോതസ്സ് നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. അടുത്തിടെ മാലിന്യം നിക്ഷേപിച്ച് കടക്കാൻ ശ്രമിച്ചയാളെ പഞ്ചായത്ത് പ്രസിഡൻറ് വി. മോഹനൻ പിടികൂടി തിരിച്ചയച്ചിരുന്നു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കാനും തീരുമാനമുണ്ട്. പഞ്ചായത്ത് നടപടി തുടങ്ങിയതോടെ പല സ്ഥലത്തും മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ട്.