നാഗർകോവിൽ: ഗൃഹനാഥനെ വീട്ടിൽ കെട്ടിയിട്ട് 20 പവൻ ആഭരണങ്ങൾ കവർന്നു. ഇടലാക്കുടി വേദനഗർ മേലെ പുതുതെരുവിൽ ഉമർബാബു (53) നെയാണ് കെട്ടിയിട്ട ശേഷം ആഭരണങ്ങൾ കവർന്നത്. പുറത്ത് പോയിരുന്ന ഭാര്യയും മകളും എത്തിയപ്പോൾ വീടിന്റെ മുൻ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയനിലയിലായിരുന്നു.ഏറെ നേരം വിളിച്ച ശേഷം വീട്ടിനുള്ളിൽ നിന്നും പർദ ധരിച്ചെത്തിയ രണ്ട് പേർ വാതിൽതുറന്നു. ഉമർ ബാബുവിന്റെ ബന്ധുക്കന്ന് പറഞ്ഞ് ജാസ്മിനെ അകത്തേക്ക് കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
ഉമർബാബുവിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. നിലവിളികേട്ട് നാട്ടുകാർ കൂടിയതോടെ മോഷ്ടാക്കൾ പുറത്തേക്ക് ഓടി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി കോട്ടാർ പൊലീസിൽ ഏൽപ്പിച്ചു. മോഷണ സംഘം നേരത്തെ വീട്ടിനുള്ളിൽ കയറിയതായാണ് വിവരം.മോഷ്ടാക്കൾ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണ സംഘത്തിൽ രണ്ട് പേർ കൂടി ഉള്ളതായി അറിഞ്ഞു. കൂടുതൽ അന്വേഷണം നടന്നു വരുന്നു.