ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. സർക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ ഡി പി) പിൻവലിച്ചു. പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി നേതാവ് ജഗ്‌മീത് സിംഗ് പിന്തുണ പിൻവലിച്ചത്.
സെപ്തംബർ 16ന് ഒട്ടാവയിൽ പാർലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ട്രൂഡോ നേതൃത്വം നൽകുന്ന ലിബറൽ സർക്കാർ പ്രതിസന്ധിയിലായത്. 2022 മാർച്ചിലാണ് എൻ ഡി പി ട്രൂഡോ സർക്കാരിന് പിന്തുണ നൽകിയത്. പുരോഗമന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സംയുക്തമായി നടപ്പിലാക്കാനായിരുന്നു പിന്തുണ. എന്നാൽ ട്രൂഡോ സർക്കാർ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും കോർപറേറ്റുകൾക്ക് അടിയറ വെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി പിന്തുണ പിൻവലിച്ചത്. എൻ ഡി പി നേതാവ് ജഗ്‌മീത് സിംഗ് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
ഖലിസ്ഥാൻ നേതാവ് നിജ്ജറിന്‍റെ കൊലപാതകത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ ട്രൂഡോ സർക്കാർ നിലപാടെടുത്തത് ജഗ്‌മീത് സിംഗിന്‍റെ സമ്മർദം മൂലമാണെന്നാണ് സൂചന. എൻ ഡി പിയുടെ പിന്തുണ ഇല്ലാതായതോടെ ട്രൂഡോ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ്. അടുത്ത വർഷം ഒക്ടോബറിലാണ് കനേഡിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ സർക്കാർ വീണാൽ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടിവരും.
എന്നാൽ സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ട്രൂഡോ പ്രതികരിച്ചു. പാർലമെന്‍റ് ചേരുമ്പോൾ അവിശ്വാസ പ്രമേയം ആവശ്യപ്പെടാത്ത എൻ ഡി പിയുടെ നിലപാട് വെറും രാഷ്ട്രീയക്കളിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. 338 അംഗ സഭയിൽ ട്രൂഡോ നയിക്കുന്ന ലിബറൽ പാർട്ടിക്ക് 158 സീറ്റുണ്ട്. എൻ ഡി പിക്ക് 25 എം പിമാരാണ് ഉള്ളത്.