വാഷിങ്ടന്‍ : 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിട്ടതിന്റെ രേഖ പുറത്ത്. ജനവിധി അട്ടിമറിച്ച് അധികാരത്തില്‍ തുടരാനായി, വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിരോധ സെക്രട്ടറിക്കു നിര്‍ദേശം നല്‍കുന്നതിനായി തയാറാക്കിയ കരട് ഉത്തരവ് നാഷനല്‍ ആര്‍ക്കൈവ്‌സ് ആണു പുറത്തുവിട്ടത്. 2020 ഡിസംബര്‍ 16 ന് തയാറാക്കിയ കരടില്‍ പക്ഷേ, ആരും ഒപ്പുവച്ചിട്ടില്ല. യന്ത്രങ്ങള്‍ പിടിച്ചെടുത്താല്‍ ഉയരാവുന്ന ആരോപണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ട്രംപ് അനുകൂലികള്‍ 2021 ജനുവരിയില്‍ നടത്തിയ ക്യാപ്പിറ്റള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധി സഭ സിലക്ട് കമ്മിറ്റിക്കു നല്‍കിയ 750 രേഖകളിലാണ് ഈ ഉത്തരവും ഉള്‍പ്പെട്ടിട്ടുള്ളത്.
തിരഞ്ഞെടുപ്പിലെ ട്രംപിന്റെ പരാജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അനുകൂലികള്‍, യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കുന്ന ക്യാപ്പിറ്റള്‍ ആക്രമിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതാണ് പരാജയപ്പെടാന്‍ കാരണമെന്നു ട്രംപും അനുകൂലികളും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ചൈനയും ക്യൂബയുടമക്കമുള്ള രാജ്യങ്ങളും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ട്രംപ് ആരോപിച്ചു. ട്രംപിനു ഭരണത്തില്‍ തുടരാന്‍ വഴിയൊരുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. ഇന്നലെ പുറത്തുവന്ന ഉത്തരവിന്റെ കരടിന് അതുമായി സാമ്യമുണ്ട്.
ജോര്‍ജിയ സംസ്ഥാനത്ത് ഉപയോഗിച്ച, ഡൊമിനിയന്‍ എന്ന കമ്പനി നിര്‍മിച്ച ടച്ച് സ്‌ക്രീന്‍ ബാലറ്റ് യന്ത്രങ്ങളുടെ കാര്യം ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. യന്ത്രത്തിലും അല്ലാതെയും ജോര്‍ജിയയില്‍ നടത്തിയ പുനര്‍ വോട്ടെണ്ണലിലും ജോ ബൈഡന്‍ ജയിച്ചതായാണു കണ്ടെത്തിയത്. എന്നാല്‍, ഇവിടെ കൃത്രിമം നടന്നുവെന്ന വാദത്തില്‍ ട്രംപ് ഉറച്ചുനിന്നു. ഡൊമിനിയന്‍ കമ്പനിയെ വിദേശ ശക്തികള്‍ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം.