അസിഡിറ്റി എന്നാല്‍ എന്താണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. പുളിച്ചുതികട്ടല്‍ എന്നാണ് ഇതിനെ പലരും പറയുന്നത്. ദഹനസംബന്ധമായൊരു പ്രശ്നമാണിത്. വയറ്റിനകത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാനാവശ്യമായി വരുന്ന ദഹനരസം (ആസിഡ്) അന്നനാളത്തിലൂടെ മുകളിലേക്ക് തികട്ടിവരുന്നൊരു അവസ്ഥയാണിത്. നെഞ്ച് നീറല്‍, നെഞ്ചില്‍ അസ്വസ്ഥത, പുളിപ്പ് എന്നിങ്ങനെ പലവിധ പ്രയാസങ്ങളും അസിഡിറ്റിയുണ്ടാക്കാറുണ്ട്. ഇത് പതിവാകുമ്പോള്‍ അത് വ്യക്തിയുടെ ജോലി, പഠനം, ബന്ധങ്ങള്‍, സാമൂഹികജീവിതം എന്നിങ്ങനെ എല്ലാ തലത്തിലും ബാധിക്കാം. അത്രയും അസ്വസ്ഥതപ്പെടുത്തുന്നൊരു ആരോഗ്യപ്രശ്നം എന്നുതന്നെ പറയാം.
അസിഡിറ്റി പിടിപെടുന്നതിന് വലിയൊരു പരിധി വരെ നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ഭക്ഷണരീതികളുമെല്ലാം കാരണമാകാറുണ്ട്. ഇത്തരത്തില്‍ പല ഭക്ഷണങ്ങളും കഴിക്കാതെ നമുക്ക് മാറ്റിവയ്ക്കേണ്ടി വരാം. അതുപോലെ ഭക്ഷണരീതികളും മാറ്റിപ്പിടിക്കേണ്ടതായി വരാം. എന്തായാലും അസിഡിറ്റിയുള്ളവര്‍ക്ക് ഈ പ്രശ്നം ലഘൂകരിക്കാൻ കഴിച്ചുനോക്കാവുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.
ഇഞ്ചി…
ദഹനപ്രശ്നങ്ങള്‍ ഏതും ലഘൂകരിക്കാൻ സഹായിക്കുന്നൊരു ഘടകമാണ് ഇഞ്ചി. അസിഡിറ്റിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇഞ്ചി ചതച്ച് അതില്‍ നിന്ന് അല്‍പം നീരെടുത്ത് കഴിക്കുകയാണ് വേണ്ടത്..
ഓട്ട്മീല്‍…
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓട്ട്മീല്‍ വയറ്റില്‍ അധികമായിട്ടുള്ള ദഹനരസമെല്ലാം വലിച്ചെടുക്കും. ഇത് അസിഡിറ്റിയും കുറയ്ക്കുന്നു. മാത്രമല്ല വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓട്ട്മീല്‍ നല്ലതാണ്.
നേന്ത്രപ്പഴം…
പലവിധ ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണമാണ് നേന്ത്രപ്പഴം. ഇത് അസിഡിറ്റി ലഘൂകരിക്കുന്നതിനും സഹായകമാണ്. ദഹനരസത്തിന്‍റെ ബാലൻസ് സൂക്ഷിക്കുന്നതിനാണ് നേന്ത്രപ്പഴം സഹായിക്കുന്നത്. ഇതിലൂടെയാണ് അസിഡിറ്റി ലഘൂരിക്കുന്നതും.
ഇലക്കറികള്‍…
ചീര പോലുള്ള ഇലക്കറികളും അസിഡിറ്റി കുറയ്ക്കാൻ നല്ലതാണ്. ധാരാളം വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഇലക്കറികള്‍. ആസിഡ് അംശം ഇല്ലതാനും. ഇത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇങ്ങനെയാണ് അസിഡിറ്റിക്കും ആക്കമുണ്ടാകുന്നത്.
കട്ടത്തൈര്…
വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പേരുകേട്ട വിഭവമാണ് കട്ടത്തൈര്. നമ്മുടെ വയറ്റിനകത്തുള്ള നല്ലയിനം ബാക്ടീരിയകളുടെ സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കാണ് കട്ടത്തൈര് പ്രധാനമായും സഹായകമാകുന്നത്. ഇതിലൂടെ തന്നെ അസിഡിറ്റിക്കും ശമനം കിട്ടുന്നു. പുളിച്ച തൈരാണെങ്കില്‍ അത് ഒഴിവാക്കാനും ശ്രമിക്കുക.
പെരുഞ്ചീരകം…
നല്ല ദഹനത്തിന് ഉപയോഗിക്കാവുന്നൊരു ചേരുവയാണ് പെരുഞ്ചീരകം. ഹോട്ടലുകളിലും മറ്റും ടേബിളില്‍ പെരുഞ്ചീരകം വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഇതിന് പിന്നിലെ കാരണവും മനസിലായല്ലോ? പെരുഞ്ചീരകം ദഹനത്തിന് ആക്കം കൂട്ടുന്നതോടൊപ്പം അസിഡിറ്റിക്കും ശമനം വരുത്തുന്നു.