തണുപ്പുകാലത്ത് ജലദോഷം, വൈറൽ പനി തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണ തോത് പ്രശ്നം വർദ്ധിപ്പിക്കുന്നു, കാരണം ഇത് രോഗപ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കുകയും തൊണ്ടവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും, തൊണ്ടവേദന ഒരു ഗുരുതരമായ പ്രശ്നമല്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും വേദനാജനകമാണ്. മാത്രമല്ല വ്യക്തിക്ക് നല്ല ഉറക്കം ലഭിക്കുന്നത് തടയുകയും ചെയ്യും. തൊണ്ടവേദന അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ…
മഞ്ഞൾ പാൽ…
തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മികച്ച പ്രതിവിധികളിൽ ഒന്നാണ് മഞ്ഞൾ പാൽ. മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടയിലെ അണുബാധയെ സുഖപ്പെടുത്തുന്നു. തൊണ്ടയിലെ വേദനയും ഇത് കുറയ്ക്കുന്നു. അത് കൊണ്ട് ദിവസവും മഞ്ഞൾ ചേർത്ത പാൽ ചൂടോടെ കുടിക്കുന്നത് നല്ലതാണ്.
ഉപ്പുവെള്ളം വായിൽ കൊള്ളുക…
ഉപ്പുവെള്ളം വായിൽ കൊള്ളുന്നതാണ് മറ്റൊരു പ്രതിവിധി. തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. നിങ്ങൾക്ക് പല തവണയായി വായിൽകൊള്ളാൻ ആവശ്യമായ വെള്ളം ചൂടാക്കി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വായിൽ കൊള്ളാൻ പാകത്തിന് ചൂട് മതി വെള്ളത്തിന്. ഇത് വായിലേയ്ക്ക് എടുത്ത് നന്നായി ഗാർഗ്ഗിൾ ചെയ്യുക. ദിവസം മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.
ഇഞ്ചി ചായ…
ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് തൊണ്ടവേദന അകറ്റുന്നതിന് നല്ല പ്രതിവിധിയാണ്. 2 ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക. കട്ടൻ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കും. തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പോരാടാൻ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ സവിശേഷതകൾ സഹായിക്കും.
ചായകൾ…
പല തരത്തിലുള്ള ചായകൾക്കും തൊണ്ടയിലെ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയും. ഇഞ്ചിച്ചായ, ഗ്രാമ്പു ചായ, ഗ്രീൻ ടീ തുടങ്ങിയവ ഒക്കെ തൊണ്ടവേദന ഉള്ളവർക്ക് കുടിക്കാം.