വായ്നാറ്റം ചലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ്. രാവിലെ ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങൾകൊണ്ടും ഉച്വാസവായുവിന് ഉണ്ടാകുന്ന ദുർഗന്ധമാണ് വായ്നാറ്റം.
പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം.
വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്‌നാറ്റം അകറ്റാന്‍ പ്രധാനമായി ചെയ്യേണ്ടത്. ദിവസവും രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യുക. പലർക്കും രാത്രി പല്ല് തേയ്ക്കാൻ മടിയാണ്. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ വരികയും അവ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കുന്നതോടെ രൂക്ഷമായ ദുർഗന്ധം വായിൽ നിന്നും ഉണ്ടാകും. അതിനാല്‍ രണ്ടുനേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. ഇതിനായി ഏതെങ്കിലും ആയൂര്‍വേദ പേസ്റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.
- രണ്ട്…
- നിങ്ങളുടെ ഡോക്ടർ ശുപാർശ ചെയ്താൽ, ഭക്ഷണത്തിനു ശേഷം വായ വൃത്തിയാക്കാൻ മൗത്ത് വാഷ് ഉപയോഗിക്കാം.
- മൂന്ന്…
- ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.
- നാല്…
- വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാൻ കാരണമാകും.
- അഞ്ച്…
- അസിഡിറ്റി പ്രശ്നം ഇന്ന് പലരേയും അലട്ടുന്നു. നെഞ്ചിന്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ അസിഡിറ്റിയുടെ ലക്ഷണമാണ്. ഇത്തരം ആസിഡ് റിഫ്ലക്സ് മൂലവും വായ്നാറ്റം ഉണ്ടാകാം. അതിനാല്‍ ഇതിന് ചികിത്സ തേടാനും മടിക്കരുത്.
- ആറ്…
- മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ദന്ത രോഗ വിദഗ്ധനെ കാണുക.
- ഏഴ്…
- വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
- എട്ട്…
- ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
- ഒമ്പത്…
- ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.
- പത്ത്…
- ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്.