പ്രോസ്റ്റേറ്റ് ക്യാൻസര്‍ എന്നാല്‍ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസര്‍ ആണ്. പുരുഷന്മാരില്‍ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ക്യാൻസര്‍ കൂടിയാണിത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെന്നാല്‍ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ബീജത്തിന്‍റെ ചലനത്തിന് സഹായിക്കുന്ന ശുക്ലം ഉത്പാദിപ്പിക്കുകയെന്നതാണ് ഇതിന്‍റെ പ്രധാന ധര്‍മ്മം.
പ്രോസ്റ്റേറ്റ് ക്യാൻസറില്‍ പലപ്പോഴും ലക്ഷണങ്ങള്‍ അങ്ങനെ പ്രകടമാകണമെന്നില്ല. ഇതുകൊണ്ട് തന്നെ രോഗം സമയബന്ധിതമായി തിരിച്ചറിയാനോ ചികിത്സ തേടാനോ കഴിയാതെ പോകുന്നു. ഇതോടെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തുന്നു. ശരീരത്തിന്‍റെ മറ്റിടങ്ങളിലേക്ക് രോഗം വ്യാപിക്കപ്പെടാനും ഇങ്ങനെ അവസരമൊരുങ്ങുന്നു.
പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കാവുന്നതാണ്. ഇത്തരത്തില്‍ പതിവായി ചെയ്യേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
വ്യായാമം പതിവാക്കുക. ആകെ ആരോഗ്യത്തിലും ഇത് പോസിറ്റീവായി പ്രതിഫലിക്കും. ഇതുതന്നെയാണ് പ്രോസ്റ്റേറ്റ് ക്യാൻസറിനെയും പ്രതിരോധിക്കുന്നത്.
രണ്ട്…
ഡയറ്റും ആരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് ഏവര്‍ക്കുമറിയാം. പല രോഗങ്ങളും ചെറുക്കാൻ ഭക്ഷണങ്ങളിലൂടെ നമുക്ക് സാധ്യമാകും. അത്തരത്തില്‍ ഡയറ്റില്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസറിനെ ഒരളവ് വരെ പ്രതിരോധിക്കാം.
മൂന്ന്…
ശരീരഭാരം പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് സൂക്ഷിക്കുന്നതിലൂടെയും പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അമിതവണ്ണമുള്ള പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാൻസര്‍ ഭീഷണി കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നാല്…
ചില പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കൂടുതലായി കാണാറുണ്ട്. എന്നാല്‍ ഇത് സ്വയം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരുറപ്പ് നേടുന്നതിനായി ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുകയോ ആവശ്യമായ നിര്‍ദേശങ്ങള്‍ തേടുകയോ ചെയ്യാം.
അഞ്ച്…
വൈറ്റമിൻ-ഡി നല്ലതുപോലെ ഉണ്ടാകുന്നതും പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചെറുക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. സൂര്യപ്രകാശത്തിന് പുറമെ കോഡ് ലിവര്‍ ഓയില്‍, വൈല്‍ഡ് സാല്‍മണ്‍ തുടങ്ങി വൈറ്റമിൻ-ഡിയാല്‍ സമ്പന്നമായ ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കാവുന്നതാണ്.