ദില്ലി: യാത്രക്കാരുടെ ദേഹത്ത് മദ്യപിച്ച് മൂത്രമൊഴിച്ച ടിടിഇക്ക് പണി കിട്ടി. അകാല്‍ താഖ്ത് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അമൃത്സറില് നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ ടിടിഇ യാത്രക്കാരുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. ബിഹാറില്‍ നിന്നുള്ള ടിടിഇ മുന്ന കുമാറിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ലഖ്നൗവില്‍ വെച്ചാണ് മുന്ന കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അമൃത്സര്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ടിടിഇ മുന്ന കുമാര്‍ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭര്‍ത്താവും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി.
സംഭവ സമയത്ത് മുന്ന കുമാര്‍ മദ്യ ലഹരിയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസിന് ഇയാളെ കൈമാറുകയായിരുന്നു. രാജേഷിന്റെ പരാതിയില്‍ ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം വിമാനത്തില്‍ നടന്നിരുന്നു. മദ്യപിച്ചെത്തിയ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന് അടുത്തിരുന്ന സ്ത്രീയുടെ മേല്‍ മൂത്രമൊഴിക്കുകയും തുടര്‍ന്ന്, ശങ്കര്‍ മിശ്രയെ കസ്റ്റഡിയിലെടുത്ത് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് 4 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി.