തിരുവനന്തപുരം: മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാൻ വേണ്ടിവന്നാൽ, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്. രോഗം കൂടുതൽ ഇനം മൃഗങ്ങളിലേക്ക് പടർന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്ദർശകരിലേക്കോ ജീവനക്കാരിലേക്കോ രോഗം പടരാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ.
തിരുവനന്തപുരം മൃഗശാലയിൽ കൃഷ്ണമൃഗങ്ങളിലും പുള്ളിമാനുകളിലും ക്ഷയരോഗം ഗുരുതരമായി പടരുന്ന സാഹചര്യത്തിലാണ് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്, പഠനം നടത്തിയത്. രോഗനിയന്ത്രണത്തിന് സിയാദ് സമർപ്പിച്ച പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇതൊക്കെയാണ്.
- നിലവിൽ മറ്റ് മൃഗങ്ങളിലേക്ക് രോഗം പടർന്നതായി അനുമാനിക്കാനാവില്ല.
- അടുത്ത കൂടുകളിലായുള്ള ആഫ്രിക്കൻ എരുമ, ഗോർ, മ്ലാവ്, പന്നിമാൻ ഇവയിൽ കർശന നിരീക്ഷണം വേണം
- ഈ മൃഗങ്ങൾക്ക് രോഗം പടർന്നിട്ടില്ലെന്ന് പൂർണമായി ഉറപ്പിക്കാനാവില്ല.
- വീര്യം കൂടിയ രോഗാണുവാണ് പടരുന്നത്.
- രോഗാണുവിനെ കുറിച്ച് കൂടുതൽ പഠനം വേണം.
- മൃഗങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ജീവനക്കാരിൽ ക്ഷയപരിശോധന വേണം.
- മൃഗശാലയ്ക്ക് അകത്ത് മാസ്ക് നിർബന്ധമാക്കണം.
- മൃഗശാലയിലെ മ്ലാവുകളെ മാറ്റിപാർപ്പിക്കണം.
- ക്ഷയരോഗ മരണം കൂടുതലായി റിപ്പോർട്ട് ചെയ്ത കൂടുകളിലെ മൃഗങ്ങളെ രോഗം ബാധിച്ചതായി കണക്കാക്കണം.
- രോഗം അനിനിയന്ത്രതിതമായി തുടരുന്നുവെങ്കിൽ, മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നത് ആലോചിക്കണം.
- കൂടുകൾക്കിടയിൽ മറ സൃഷ്ടിക്കണം.
- വലിയ മൃഗശാലയായതിനാൽ, ഒരു വെറ്റിനറി ഡോക്ടറെ കൂടി നിയമിക്കണം.
എന്നാൽ സിയാദിന്റെ പഠനത്തിൽ, ക്ഷയരോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. എങ്കിലും ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിച്ചാവും മൃഗസംരക്ഷണ വകുപ്പിന്റെ തുടർ നടപടികൾ. 10 മാസത്തിനിടക്ക് രണ്ട് കൂടുകളിലെ 15 പുള്ളിമാനും 38 കൃഷ്ണൃഗവും അടക്കം 52 മൃഗങ്ങളാണ് ക്ഷയരോഗം മൂലം തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.