പ്രമേഹരോഗമെന്നാൽ പ്രധാനമായും ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. പ്രത്യേകിച്ച് ഡയറ്റ് സംബന്ധമായ പിഴവുകളാണി മിക്കവരെയും പ്രമേഹത്തിലേക്ക് നയിക്കുന്നത്. ഇൻസുലിൻ ഹോർമോൺ ഉത്പാദനം കുറയുകയോ, അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ രക്തത്തിൽ ഷുഗർനില കൂടുമ്പോഴാണ് അത് പ്രമേഹമാകുന്നത്.
പ്രമേഹമുള്ളവർ ഇൻസുലിൻ ചികിത്സ അടക്കമുള്ള ചികിത്സ എടുക്കാറുണ്ട്. എങ്കിൽപോലും ഡയറ്റിലെ നിയന്ത്രണം തന്നെയാണ് പ്രമേഹത്തിൽ കാര്യമായും ശ്രദ്ധിക്കേണ്ടത്. പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടതായ പല ഭക്ഷണങ്ങളുമുണ്ട്.
മധുരം അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിൽ കൂടുതലും വരിക, ഇതിന് പുറമെ കാർബ്- പ്രോസസ്ഡ് ഫുഡ്, പാക്കേജ്ഡ് ഫുഡ്, ഡ്രിംഗ്സ് എന്നിങ്ങനെ പലതും ഒഴിവാക്കേണ്ടതായി വരാം. എന്നാൽ പ്രമേഹം നിയന്ത്രിതമാക്കാൻ ചില ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുകയും ആവാം.
അത്തരത്തിൽ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നതെന്ന തരത്തിൽ തുളസിയിലയെ പലരും ചൂണ്ടിക്കാട്ടാറുണ്ട്. സത്യത്തിൽ തുളസിയില ഇതിന് സഹായകമാണോ?
ആണെന്ന് തന്നെയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ബത്ര ഉറപ്പിക്കുന്നത്. മിക്ക വീടുകളിലും കാണപ്പെടുന്നൊരു ചെടിയാണ് തുളസി. ധാരാളം ഔഷധഗുണങ്ങൾ തുളസിക്കുണ്ട്. ഇക്കൂട്ടത്തിലൊരു ഗുണം തന്നെയാണ് പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവ്.
തുളസിയിലയിൽ നിന്നുള്ള ‘യൂജിനോൾ’, ‘മീഥൈൽ യൂജിനോൾ’, ‘കാരിയോഫിലിൻ’ എന്നീ ഘടകങ്ങൾ ഇൻസുലിൻ ഹോർമോൺ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ലവ്നീത് ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഇൻസുലിൻ ഉപയോഗപ്പെടുത്താൻ ശരീരത്തെ പ്രേരിപ്പിക്കുന്നതിനും ഇതിന് സാധിക്കുമത്രേ. അങ്ങനെയാണ് പ്രമേഹ നിയന്ത്രണത്തിന് തുളസിയില സഹായകമാകുന്നത്.
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുൾപ്പെടുത്താമെന്നും ഇവർ പറയുന്നു. കറുത്ത കസ കസ, വെളുത്തുള്ളി, മല്ലി, പാവയ്ക്ക, ആപ്പിൾ സൈഡർ വിനിഗർ എന്നിവയും ഷുഗർനില നിയന്ത്രിക്കാൻ സഹായിക്കുമത്രേ.