രണ്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് തുർക്കിയുടെ പണപ്പെരുപ്പം. ഔദ്യോഗിക കണക്കുകൾ പ്രകാരം തുർക്കിയുടെ വാർഷിക പണപ്പെരുപ്പം സെപ്റ്റംബറിൽ 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 83.45 ശതമാനത്തിലെത്തി. ഉപഭോക്തൃ വില മുൻ മാസത്തേക്കാൾ 3.08 ശതമാനം ഉയർന്നതായി ടർക്കിഷ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അതേസമയം, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളേക്കാൾ കൂടുതലാണ് പണപ്പെരുപ്പം എന്ന് വിദഗ്ധർ പറയുന്നു. വാർഷിക നിരക്ക് 186.27 ശതമാനമായി സ്വതന്ത്ര പണപ്പെരുപ്പ റിസർച്ച് ഗ്രൂപ്പ് വിലയിരുത്തുന്നു.
കഴിഞ്ഞ മാസം, തുർക്കി സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചിരുന്നു. വിലക്കയറ്റം ഉണ്ടായിരുന്നിട്ടും തുർക്കി കറൻസിയായ ലിറയുടെ മൂല്യം ഉയർന്നിട്ടും ബെഞ്ച്മാർക്ക് നിരക്ക് 12 ശതമാനമായി സെൻട്രൽ ബാങ്ക് കുറച്ചു. നിരക്ക് കുറച്ചതോടെ യുഎസ് ഡോളറിനെതിരെ ലിറ വീണ്ടും ഇടിഞ്ഞു. റഷ്യയുടെ ഉക്രൈൻ അധിനിവേശവും ലിറയുടെ ഇടിവും പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. അതേസമയം, പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ നടപടികളാണ് തുർക്കിയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനായി ഉൽപ്പാദനവും കയറ്റുമതിയും വർധിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട് എന്നും പുതുവർഷത്തിൽ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു.
സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, വാർഷിക വിലയിലെ ഏറ്റവും വലിയ വർധന ഗതാഗത മേഖലയിലാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് പണപ്പെരുപ്പത്തെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ കുത്തനെ ഉയർത്തിയത്. വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി റിപ്പോ 5.90 ആക്കി ഉയർത്തി.