ഇസ്തംബുൾ : പ്രണയശിശിരത്തെ വിവാഹ വസന്തത്തിലേക്കു നീട്ടി ഓർഹാൻ പാമുക്കും കാമുകി അസ്‍ലി അകിയവാസും. ഇസ്തംബുളിൽ, ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു മഹാമാരിക്കാലത്തെ സ്വകാര്യചടങ്ങ്. നൊബേൽ ജേതാവും സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ തുർക്കി എഴുത്തുകാരനുമായ പാമുക്ക് (69) പത്തു കൊല്ലമായി അസ്‌ലിക്കൊപ്പമായിരുന്നു താമസം. തുർക്കി ഹെൽത്ത് ടൂറിസം രംഗത്തെ പ്രമുഖയാണ് അസ്‌ലി അകിയവാസ് (47). വിവിധ ലോക ഭാഷകളിലേക്ക് ഏറ്റവുമധികം പരിഭാഷ ചെയ്യപ്പെട്ടവയാണ് പാമുക്കിന്റെ മൈ നെയിം ഇസ് റെഡ്, സ്നോ തുടങ്ങിയ നോവലുകൾ. 2006 ലാണ് നൊബേൽ സമ്മാനം ലഭിച്ചത്. തുർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളെയുൾപ്പെടെ വിമർശിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ ശത്രുതയും പിടിച്ചുപറ്റി. ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായിയുമായി പാമുക്ക് ഇടക്കാലത്ത് പ്രണയത്തിലായിരുന്നു. ‘ദ് മ്യൂസിയം ഓഫ് ഇനസെൻസി’നു ശേഷം അടുത്ത നോവലെഴുത്തിനായി അദ്ദേഹം കിരണിനൊപ്പം ഗോവയിലും എത്തിയിരുന്നു.