തിരുവനന്തപുരം: നഗരത്തിൽ റോഡ് അപകടങ്ങൾ തടയുന്നതിനും, ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. ട്രിവാൻഡ്രം ട്രാഫിക് ഐ എന്ന പേരിലുള്ള പദ്ധതിയിൽ പൊതുജനങ്ങൾക്ക് ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ സിറ്റി പോലീസിനെ അറിയിക്കാം. ഇതിനായി 94979 30005 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടാം.
ട്രാഫിക് നിയമ ലംഘനങ്ങൾ, അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ, മറ്റ് ട്രാഫിക് സംബന്ധമായ പരാതികൾ എന്നിവ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജുകളായി പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാവുന്നതാണ് എന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ഐ പി എസ് അറിയിച്ചു. സന്ദേശങ്ങളും രഹസ്യവിവരങ്ങളും അറിയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിവാൻഡ്രം ട്രാഫിക് ഐ എന്ന സംവിധാനത്തിൽ 24 മണിക്കൂറം സന്ദേശങ്ങൾ കൈമാറാൻ കഴിയുമെന്നും ട്രാഫിക് നിയമ ലംഘനങ്ങളിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും, റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് തടയാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുവാനും, പൊതുജനങ്ങൾക്ക് സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഈ പുതിയ സംവിധാനത്തോട് എല്ലാവരും സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.